തിരഞ്ഞെടുപ്പ് ചൂട്
ലോകസഭാ തിരഞ്ഞെടുപ്പ് ചൂട് പിടിക്കുന്നതിന് മുമ്പേ അന്തരീക്ഷം ചൂടു പിടിച്ചിരിക്കുന്നു. ചൂട് ഇതു പോലെ നിൽക്കുമോ? ഇനിയും കൂടുമോ? എന്തു ചെയ്യാം?
കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം സൂചിപ്പിക്കുന്നത് മാർച്ച് മാസത്തിലേയ്ക്ക് ചൂട് തുടരുമെന്നും കേരളം ഉൾപ്പെടെ ഇന്ത്യയിലുടനീളം ഉയർന്ന താപനില സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്നുമാണ്.
ആഗോളതാപനത്തിനൊപ്പം ആഗോള തലത്തിൽ ചൂടും മഴയും നിയന്ത്രിക്കുന്ന ഒരു കാലാവസ്ഥ പ്രതിഭാസമാണ് എൽ-നിനോ. പസിഫിക് സമുദ്രത്തിലുണ്ടാകുന്ന ഈ പ്രതിഭാസം പൊതുവേ ഇന്ത്യയിൽ ദൈർഘ്യവും ചൂടുമേറിയ താപ തരംഗങ്ങൾക്ക് കാരണമാകുകയും കാലവർഷത്തിന്റെ വരവ് വൈകിക്കുകയും ചെയ്യുന്നു. 2023 ജൂൺ ആദ്യ പകുതിയിൽ എൽ-നിനോ തുടങ്ങിയപ്പോൾ, കാലവർഷം വൈകുകയുണ്ടായി. ഇതു മൂലം ശക്തമായ ഉഷ്ണതരംഗങ്ങൾ ഉണ്ടാകുകയും ബീഹാറിലും ഉത്തർപ്രദേശിലുമായി നൂറിലേറെ ജീവനുകൾ അപഹരിക്കപ്പെടുകയുമുണ്ടായി. 2023ലെ കാലവർഷം കേരളത്തിൽ ദുർബലമായിരുന്നതിനാൽ 34 ശതമാനം മഴക്കുറവാണുണ്ടായത്.
ആഗോള ഏജൻസികളുടെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് എൽ-നിനോ ഏപ്രിൽ വരെ തുടരുമെന്നാണ്. എൽ-നിനോ മെയ് മാസത്തോടെ ദുർബലമാകുമെന്നും ജൂണോടെ അതിൻ്റെ വിപരീത ഘട്ടമായ ലാ-നിനയിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും കാണുന്നു.
ലാ-നിനയുടെ സ്വാധീനം എൽ-നിനോയുടെ നേർവിപരീതമല്ല, അതിനാൽ ചൂട് മെയ് വരെ തുടരാം. വാസ്‌തവത്തിൽ, സമീപകാലത്തെ ലാ-നിന വർഷങ്ങൾ ചൂടേറിയ, ശക്തമായ താപ തരംഗങ്ങൾ ഉണ്ടായ വർഷങ്ങളാണ്. എന്നിരുന്നാലും, ഒരു ആശ്വാസ വാർത്തയുണ്ട്. ലാ-നിന വർഷങ്ങളിൽ പൊതുവെ കാലവർഷം കൃത്യ സമയത്ത് വരാറുണ്ട്.
കേരളത്തിൽ ചൂടിനോടൊപ്പം മുൻകരുതലുകൾ എടുക്കേണ്ട മറ്റൊരു കാര്യം ഈർപ്പമാണ്. 2023 ഏപ്രിലിൽ നവി-മുംബൈയിൽ 14 പേരുടെ മരണയിത്തീനിടയാക്കിയത് ഒരു ക്ലാസ്സിക് താപ തരംഗം ആയിരുന്നില്ല. സംഭവം നടന്ന ദിവസം, ഏറ്റവും അടുത്തുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില 34-38 ഡിഗ്രി സെൽഷ്യസാണ്. സാധാരണ സാഹചര്യങ്ങളിൽ, ഈ താപനില മനുഷ്യ സഹിഷ്ണുതയുടെ പരിധിക്കുള്ളിലാണ്. പക്ഷേ ഇതിനോടൊപ്പം ഉയർന്ന ആർദ്രതയും (45%) രേഖപ്പെടുത്തിയിരുന്നു. ഇത് ചൂടിൻ്റെ ആഘാതം വർദ്ധിപ്പിച്ചു.
നവി-മുംബൈയിൽ മരണത്തിനിടയാക്കിയത് ചൂടും ഈർപ്പവും മാത്രമല്ല. പ്രാഥമിക മുൻകരുതലുകൾ എടുക്കാത്തതാണ് മരണത്തിന് ഇടയാക്കിയത്. അന്ന് നാല് ലക്ഷത്തോളം ആളുകൾ ഒരു പൊതു ചടങ്ങിനായി ഒത്തുകൂടിയത് തുറന്ന മൈതാനത്ത് മണിക്കൂറുകളോളം സൂര്യതാപമേറ്റാണ്.
അന്തരീക്ഷം ചൂടു പിടിക്കുന്നതിനൊപ്പം ഉയർന്ന ആർദ്രതയും ഉണ്ടെങ്കിൽ, വിയർപ്പ് ബാഷ്പീകരിച്ച് ശരീര താപനില നിയന്ത്രിക്കാനുള്ള ശ്രമം പരാജയപ്പെടുന്നു. ഇത് ഹീറ്റ് സ്ട്രോക്കിലേക്ക് നയിച്ചേക്കാം. ഒന്നിലധികം അവയവങ്ങളുടെ പരാജയത്തിനും മരണത്തിനും ഇടയാക്കാം. മുംബൈ പോലത്തെ കാലാവസ്ഥ സാഹചര്യങ്ങളാണ് കേരളത്തിലും ഉള്ളത്. ഉയർന്ന ചൂടും ഈർപ്പവും. അതുകൊണ്ടു കരുതിയിരിക്കേണ്ടതുണ്ട്.
രാജ്യത്തുടനീളം നിരവധി നഗരങ്ങളും സംസ്ഥാനങ്ങളും ദുരന്ത നിവാരണ ഏജൻസികളുടെയും ആരോഗ്യ വകുപ്പുകളുടെയും സഹായത്തോടെ ഹീറ്റ് ആക്ഷൻ പ്ലാനുകൾ (Heat Action Plan) ആരംഭിച്ചിട്ടുണ്ട്. ഹീറ്റ് ആക്ഷൻ പ്ലാൻ ഇല്ലാത്ത ഒരു നഗരമോ പഞ്ചായത്തോ ആണോ നിങ്ങളുടേത്? ആണെങ്കിൽ, നിങ്ങളുടെ പ്രദേശത്തും ഒരു ഹീറ്റ് ആക്ഷൻ പ്ലാൻ തുടങ്ങാൻ തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെടുക.
കാരണം, വരും വർഷങ്ങളിൽ ചൂട് കൂടുകേയുള്ളൂ. ഈ ചൂടിൽ നിന്ന് ഒളിച്ചോടാൻ സാധിക്കില്ല. ആഗോള താപനം മൂലം ഉഷ്ണതരംഗങ്ങളുടെ എണ്ണം, തീവ്രത, ദൈർഘ്യം, വിസ്തൃതി എന്നിവയെല്ലാം വർദ്ധിക്കുകയെ ഉള്ളൂ. അതിനാൽ ദീർഘ വീക്ഷണമുള്ള ഹീറ്റ് ആക്ഷൻ പ്ലാനുകൾ നടപ്പിലാക്കണം.
2024 ലോക സഭ തിരഞ്ഞെടുപ്പ് ആഗോള താപനത്തിന്റെ ചൂട് അറിയും. അതുകൊണ്ട് തെരഞ്ഞെടുപ്പു പ്രചാരണങ്ങളും പ്രകടനങ്ങളും റാലികളും, എന്തിന് തിരഞ്ഞെടുപ്പ് പ്രക്രിയ തന്നെ ചൂടിൻ്റെ ആഘാതങ്ങൾ കണക്കിലെടുത്ത് വേണം ആസൂത്രണം ചെയ്യാൻ.
കാലാവസ്ഥ വകുപ്പ് അവരുടെ വെബ്‌സൈറ്റ് വഴിയും മാധ്യമങ്ങൾ വഴിയും ഉഷ്ണതരംഗങ്ങളെ കുറിച്ചുള്ള കൃത്യതയുള്ള മുന്നറിയിപ്പുകൾ നിരന്തരം കൊടുക്കുന്നുണ്ട്. ഇത് ദിവസവും നിരീക്ഷിക്കേണ്ടതാണ്. നിങ്ങളുടെ പ്രദേശത്തെ മാധ്യമങ്ങൾ ഈ മുന്നറിയിപ്പുകൾ നിങ്ങളെ അറിയിക്കുന്നില്ലെങ്കിൽ അവരുടെ ശ്രദ്ധയിൽ കൊണ്ടുവരിക. ബോധവൽക്കരണ പ്രചാരണങ്ങൾ, വെള്ളവും തണലുമുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, പൊതു-ഗതാഗത സൌകര്യങ്ങൾ എന്നിവയൊക്കെ തിരഞ്ഞെടുപ്പ് സീസണിൽ മുൻഗണന നൽകി ക്രമീകരിക്കണം.
വോട്ടിംഗ് ദിവസം ഉഷ്ണതരംഗം പ്രതീക്ഷിക്കുന്ന ജില്ലകളിൽ വോട്ടിംഗ് സമയം ദീർഘിപ്പിക്കുന്നത് ഉഷ്ണഘാതം കുറയ്ക്കാൻ ഒരു വഴിയാണ്. അതേ സമയം, മണിക്കൂറുകളോളം ക്യൂവിൽ നിൽക്കുന്നവർക്ക് തണലും വെള്ളവും ടോയ്‌ലറ്റും ഉണ്ടെന്ന് പോളിംഗ് ബൂത്തുകൾ ഉറപ്പാക്കണം. ഭാവിയിൽ, സുരക്ഷിതമായ ഇ-വോട്ടിംഗ് ഉപയോഗിച്ച് തിരഞ്ഞെടുപ്പ് സംവിധാനം മെച്ചപ്പെടുത്തുകയാണ് ഡിജിറ്റൽ ഇന്ത്യ ലക്ഷ്യമിടേണ്ടത്.
ഏറ്റവും പ്രധാനപ്പെട്ട ദൗത്യം എന്താണെന്നോ? ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ, കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭയാനകമായ ആഘാതങ്ങളെ നേരിടാൻ സജ്ജരായ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുക എന്നതാണ്.
— റോക്സി മാത്യു കോൾ
പൂനെയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിരിയോളജിയിൽ കാലാവസ്ഥ ശാസ്ത്രജ്ഞൻ
Originally published in Malayala Manorama [PDF]